02/06/2020
SV സുമേഷ് എന്ന നവമാധ്യമ സുഹൃത്ത് ഒരു വർഷം മുന്നേ നടത്തിയ കോയമ്പത്തൂർ യാത്രയുടെ വിവരണം.
താമരശ്ശേരിയിൽ നിന്നും
കോയമ്പത്തൂരിലേക്ക്
സുഖയാത്ര, ശുഭയാത്ര....
പുലർച്ചെ അഞ്ചു മണി...
താമരശ്ശേരി പഴയ ബസ്റ്റാന്റ് ..
താമരശ്ശേരി ഉറക്കത്തിന്റെ
ആലസ്യത്തിൽ നിന്ന് പതിയെ
ഉണരുന്നതേയുള്ളൂ..
ബസ്റ്റാന്റിനുള്ളിൽ തുറന്നു വെച്ച ഏക ചായക്കടയായ ശശിയേട്ടന്റെ മിൽമയിൽ നിന്നും ആവി പറക്കുന്ന ചുടു ചായ ഊതിക്കുടിച്ച് പുറത്ത് റോഡുവക്കിലേക്ക് ഞാൻ വന്നു നിന്നു..
പത്രക്കെട്ടുകൾ തരംതിരിക്കുന്ന കാരാടിയിലെ സാലിയും, മോഹനേട്ടനും, വേണുവേട്ടനും മറ്റു ചിലരും , ...
കൂടാതെ എവിടേയ്ക്കോ പോകാനായി ബസുകൾ
കാത്തു നിൽക്കുന്ന ചിലരും ബസ്റ്റാന്റിലുണ്ട് ..
സാലി പത്രങ്ങളുടെ ഇടയിലേക്ക് നോട്ടീസുകൾ തിരുകിക്കയറ്റുന്നു ..
സാലിയുമായി കുശലം പറഞ്ഞ്
ആശ ബേക്കറിയുടെ കോലായിൽ ഞാനിരുന്നു..
പുലരിത്തുടിപ്പിൽ മയക്കം കൊള്ളുന്ന താമരശ്ശേരിയുടെ കാണാക്കാഴ്ചകൾ കാണാൻ തന്നെ നല്ല ചന്തം ...
സമയം ഇപ്പോൾ അഞ്ചര ...
എനിക്ക് പോകാനുള്ള കോയമ്പത്തൂർ
ഫാസ്റ്റ് പാസഞ്ചർ ബസ് ബസ്റ്റാന്റിൽ
വന്നു നിന്നു,
ഞാനടക്കം നാലുപേർ ബസിൽ കയറി ,
ഞങ്ങളെയും വഹിച്ചുകൊണ്ട് ബസ് താമരശ്ശേരി വിട്ടകന്നു ..
കൊടുവള്ളിയും, ഓമശ്ശേരിയും, മുക്കവും ,അരീക്കോടും, മഞ്ചേരിയും ,പാണ്ടിക്കാടും, മേലാറ്റൂരും ,
അലനല്ലൂരും , കല്ലടിയും പിന്നിട്ട് കുന്തിപ്പുഴ പാലവും കടന്ന് ബസ് മണ്ണാർക്കാട് ബസ്റ്റാന്റിലെത്തി നിന്നു..
"ചായ കുടിക്കാൻ കുറച്ച് സമയമുണ്ട് ,
ആർക്കെങ്കിലും വേണമെങ്കിൽ പോയി വരാം"
കണ്ടക്ടർ പറഞ്ഞു..
ബസ്റ്റാന്റിലെ ചായക്കടയിൽ നിന്നു വീണ്ടും ഒരു ചുടു ചായ കുടിച്ച് യാത്ര തുടർന്നു ..
ബസ്സിലിപ്പോൾ നിറയെ ആളുകൾ ,
തമിഴ് കലർന്ന മലയാളം പറയുന്നവരും, തമിഴ് ഭാഷ സംസാരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്..
മണ്ണാർക്കാട് KSRTC ബസ്റ്റാന്റിൽ വെറുതെ ഒന്നുകയറിയിറങ്ങി ബസ് മുന്നോട്ട് നീങ്ങി.
കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും മരങ്ങൾ ഇടതിങ്ങിയ വനമേഖലയിലൂടെ ബസ് നിശബ്ദം ഓടിക്കൊണ്ടിരുന്നു.
സൈലന്റ് വാലി വനമേഖലയിലൂടെയാണ് ബസ് മുന്നോട്ട് കുതിക്കുന്നത്,
ഏതാണ്ട് നമ്മുടെ താമരശ്ശേരി ചുരം പോലെയുണ്ട് ഈ കാനനപാത ,
കൊടുംവളവുകളും, ചെങ്കുത്തായ കയറ്റവും ,ഇറക്കവുമെല്ലാം റോഡിലുണ്ട്..
കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയസ്ഥലങ്ങളും ഇടയ്ക്ക് കാണാം..
കാട്ടുമരച്ചോലകൾ പകരുന്ന ഇളംതണുപ്പ് മനസ്സിനും, ശരീരത്തിനും കുളിർമ്മ പകരുന്നു..
ഇടയ്ക്ക് മരക്കൂട്ടങ്ങൾക്കിടയിൽ ചെറിയ ചെറിയ മയിൽക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു ,
ഒറ്റയ്ക്കും കൂട്ടായും അവയെ കാണാം.
വനത്തിൽ നിന്നും പുറത്ത് കടന്ന് അഗളി ധ്യാനകേന്ദ്രത്തിന് മുന്നിൽ ബസ് നിർത്തി,
ധ്യാനത്തിന് പോകുന്ന വിശ്വാസികളായ
കുറെ പേർ പള്ളിയുടെ മുന്നിലിറങ്ങി ..
കേരളത്തിലൂടെയാണ് യാത്രയെങ്കിലും തമിഴ്നാടിന്റെ ഗ്രാമീണതയിലൂടെ യാത്ര ചെയ്യുന്ന പ്രതീതി ..
അഗളിയുടെയും , അട്ടപ്പാടിയുടെയും നാഡീഞരമ്പുകളിലൂടെ യാത്ര തുടർന്ന
ബസ് ഇപ്പോൾ ആനക്കട്ടി ടൗണിലെത്തി , ആനക്കട്ടി ടൗണിന്റെ പകുതി ഭാഗം കേരളത്തിലും , ബാക്കി ഭാഗം തമിഴ് നാട്ടിലുമായി പരന്നു കിടക്കുന്നു,
ഒരു ചെറിയ പാലം ഇരു സംസ്ഥാനങ്ങളെയും വേർതിരിക്കുന്നു,
കേരളാതിർത്തി കഴിഞ്ഞതും നല്ല ഒന്നാന്തരം റോഡ്, പിന്നീട് കോയമ്പത്തൂരിനെ ലക്ഷ്യം വെച്ച് ബസ് കുതിക്കുകയായിരുന്നു,
ഒന്നു മയങ്ങി ഉണർന്നതും ബസ് കോയമ്പത്തൂർ ഗാന്ധിപുരത്തെ ചെറിയ കേരള ബസ്റ്റാന്റിൽ ചെന്ന് നിന്നിരുന്നു..
താമരശ്ശേരിയിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര പോകാൻ
ഈ ബസ് തിരഞ്ഞെടുക്കൂ ...
പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ചകൾ
കൺനിറയെ കണ്ട് യാത്ര തുടരാം..
മനം നിറയെ ആസ്വദിക്കുവാൻ സുഖലോലുപതയുമായി ഒരു
യാത്രാ വീഥി നിങ്ങളെ കാത്തിരിക്കുന്നു..